മലപ്പുറം: സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപത്തിന് ശ്രമിച്ച കേസില്‍ സൂത്രധാരന് ആര്‍എസ്എസ്, ശിവസേന ബന്ധം. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലം തെന്മല സ്വദേശിയുമായ ബൈജു അമര്‍നാഥാണ് ഇതിന് നേതൃത്വപരമായ പങ്കു വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ അടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും കൂടുതല്‍ വാട്സ് ആപ്പ് അഡ്മിനുകള്‍ നിരീക്ഷണത്തിലാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു.
അതേസമയം ഹര്‍ത്താലിന് ശേഷവും വാട്സ് ആപ്പുവഴി കലാപം ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. ഇതിനായി ജില്ലകള്‍ തോറും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. കിളിമാനൂര്‍, തെന്മല സ്വദേശികളായ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുളളത്. വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ജമ്മു കസ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ബലാല്‍സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മലബാറില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു.