ഡോക്ടര്‍മാരെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട; ശക്തമായ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി. ഇതിനിടെ ഐ എം എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സമരം മുന്നോട്ടുപോയാല്‍ രോഗികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നുമുറപ്പ്.

സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു. പണിമുടക്ക് നിയമവിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച മൂന്ന് നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്സന്‍സ് ആയി കണക്കാക്കുന്നതാണ്. ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യും. ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതും ശമ്പളം, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവക്ക് പരിഗണിക്കേണ്ടതുമാണ്.

സേവന ലഭ്യതക്കായി ജോലി ക്രമീകരണം/അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കേണ്ടതുമാണ്.

പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular