‘ഒരു എം.എല്‍.എയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളാണ് ഞാനും’ ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രാധനമന്ത്രിയ്ക്ക് തുറന്ന കത്തുമായി യു.പി പെണ്‍കുട്ടി

ലക്നൗ: യു.പിയിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയാല്‍ 2011ല്‍ തന്റെ 17ാം വയസില്‍ ബലാത്സംഗത്തിന് ഇരയായ യു.പി സ്വദേശിയായ പെണ്‍കുട്ടി. ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും പെണ്‍കുട്ടി തുറന്ന കത്തെഴുതി.

ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദിയ്ക്കെതിരെ ബലാത്സംഗ ആരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഉന്നോവാ പെണ്‍കുട്ടിയ്ക്ക് സമാനമായ പീഡനവും ഭീഷണിയും തനിക്കും നേരിടേണ്ടി വന്നുവെന്ന് കത്തില്‍ യുവതി പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ താന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയാണ് തനിക്കു നേരിടേണ്ടി വന്നതെന്നും അവര്‍ കത്തില്‍ പറയുന്നു. എന്നാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് പെണ്‍കുട്ടി മുന്നോട്ടു പോയതിന്റെ ഫലമായി 2015ല്‍ ദ്വിവേദിയെ ബലാത്സംഗക്കുറ്റത്തിന് പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

എന്നാല്‍ ഉന്നാവോ ഇരയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ കത്തില്‍ പറയുന്നുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

എന്റെ പേര് ഷീലു നിഷാദ്. ബുന്ദേല്‍ഖണ്ഡിലെ ബാന്ദയിലെ ഷബാസ്പൂരില്‍ ജീവിക്കുന്നു.

ഉന്നാവോയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എനിക്കൊരു ആവര്‍ത്തനം പോലെയാണ് തോന്നുന്നത്.

2011ല്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ പുരുഷോത്തം ദ്വിവേദിയാല്‍ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. എനിക്ക് പതിനേഴു വയസായിരുന്നു അന്ന്. ദിവസങ്ങളോളം എനിക്കു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അത്രയും വേദനയായിരുന്നു. 22 ദിവസം തുടര്‍ച്ചയായി ബ്ലീഡിങ് ആയിരുന്നു. ഇതിനൊക്കെ പുറമേ മാനസികമായും വൈകാരികമായും ഞാനാകെ തകര്‍ന്നിരുന്നു.

മിണ്ടാതിരിക്കാന്‍ എം.എല്‍.എയും അദ്ദേഹത്തിന്റെ പിന്നണിക്കാരും പാര്‍ട്ടിപ്രവര്‍ത്തകരും എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ എനിക്കതിനു കഴിയാതെ വന്നു. കുറച്ചുദിവസത്തിനകം എനിക്കെതിരെ അവര്‍ കവര്‍ച്ചാക്കേസ് നല്‍കി. ദിവസങ്ങളോളം ഞാന്‍ ജയിലില്‍ കഴിഞ്ഞു. പുറത്തിറങ്ങിയാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് എല്ലാവരും പറഞ്ഞതിനാല്‍ ജയിലാണ് കൂടുതല്‍ സുരക്ഷിതമെന്ന് എനിക്കു തോന്നി.

ഭയം കാരണം ഒക്കെ മതിയാക്കൂവെന്ന് എന്റെ ബന്ധുക്കളും അയല്‍ക്കാരും എല്ലാവരും ഉപദേശിച്ചു. ഭയം കാരണം എന്റെ അമ്മാവന്‍ നാടുവിട്ടു. ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. ഞാനും വളരെ വളരെ ഭീതിയിലായിരുന്നു.

ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാമൂഹികമായ ഒരു സമ്മര്‍ദ്ദം എനിക്കും കുടുംബത്തിനും മേലുണ്ടായിരുന്നു. ഭീഷണികളുണ്ടായിരുന്നു, രാഷ്ട്രീയ ദല്ലാളന്മാര്‍ എന്റെ നാട്ടിലേക്കു വന്ന് എന്നെ പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താന്‍ തുടങ്ങി.

ഞാനൊരു ദരിദ്ര കര്‍ഷകന്റെ മകളായിരുന്നു. ഞാനൊരു കുട്ടിയായിരുന്നു. എനിക്ക് ഒരേസമയം ഭീതിയും ആശയക്കുഴപ്പവും ഉണ്ടായി.

പക്ഷേ എല്ലാറ്റിനേക്കാളുമുപരി എനിക്കു വലിയ ദേഷ്യമായിരുന്നു. വളരെ വളരെ ദേഷ്യം.

നീതിക്കുവേണ്ടി പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ പരാതി നല്‍കി. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിച്ചു. ഞാന്‍ ദല്‍ഹിയില്‍ പോയി മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു. നിര്‍ഭയ കേസിനെ തുടര്‍ന്നു നടന്ന പ്രതിഷേധങ്ങളില്‍ ഞാനും പങ്കാളിയായി. ബലാത്സംഗം പോലുള്ള മനുഷ്യവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന് ശബ്ദിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ഒരു സിറ്റിങ് രാഷ്ട്രീയക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന ബാന്ദയിലെ ആദ്യ സ്ത്രീയായിരുന്നു ഞാന്‍. അതൊരു ചരിത്രപരമായ നിമിഷമായിരുന്നു.

ഞാന്‍ പലപ്പോഴും ഹീറോയെന്ന് വിളിക്കപ്പെട്ടു. പക്ഷേ ഇന്ന് ഞാന്‍ പറയുകയാണ് ഞാനിത് ഒറ്റക്കല്ല ചെയ്തത്. എനിക്കു പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. എന്നെ പിന്തുണച്ച ആദ്യ മാധ്യമസംരംഭങ്ങളിലൊന്നായിരുന്നു ഖബര്‍ ലഹാരിയ. രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രമുഖ രാഷ്ട്രീയക്കാരുടെ പിന്തുണയും എനിക്കുണ്ടായിരുന്നു. പോരാട്ടത്തിനൊടുക്കം വരെ കോണ്‍ഗ്രസ് എനിക്കൊപ്പമുണ്ടായിരുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ എന്റെ സുരക്ഷയ്ക്കായി തോക്കുധാരിയെ ലഭിച്ചു. സ്വയം രക്ഷയ്ക്കായി പിസ്റ്റളും. എനിക്കു പിന്തുണയുമായി നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നു. നമ്മള്‍ ശക്തരാണ് എന്ന് തോന്നാല്‍ കൂടെ ഒരുപാട് പേര്‍ വേണം. അങ്ങനെ വരുമ്പോള്‍ മുന്നോട്ടുപോകാനുള്ള ശക്തി തോന്നും.

ഉന്നാവോയിലെ പെണ്‍കുട്ടിയ്ക്കും ഇതേ പിന്തുണയുണ്ടെന്ന തോന്നല്‍ വേണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഈ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും എനിക്ക് അപേക്ഷിക്കാനുള്ളത്.

കാരണം, സത്യത്തില്‍ ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല. ഞാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയല്ല. അവര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി പറയുന്നതല്ലേ കേള്‍ക്കാനാവൂ.

യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ മെക്കാനിസം. അതിനേക്കാള്‍ ശക്തമായി ഒന്നുമില്ല. ഭരണകക്ഷി മുന്നോട്ടുവരാത്ത പക്ഷം ഈ കേസും സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ഒത്തുതീര്‍പ്പിലും മുങ്ങിപ്പോകും.

ഈ കേസില്‍ സി.ബി.ഐ അന്വേഷണം ഉറപ്പാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് യോഗി ആദിത്യനാഥ് ജിയോടും മോദീജിയോടും അപേക്ഷിക്കാനുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7