സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ രേഖ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത സെന്‍കുമാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

കേസെടുത്ത പൊലിസിനെതിരേയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. ഡി.ജി.പിയായിരിക്കെ പകുതി വേതന അവധിയെടുത്തശേഷം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ പ്രഫ. വി.കെ അജിത്കുമാറില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി പരിവര്‍ത്തിത അവധിയായി മാറ്റാന്‍ അപേക്ഷ നല്‍കിയെന്നാണ് സെന്‍കുമാറിനെതിരായ പരാതി. അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനുവേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ സുക്കാര്‍നോ നല്‍കിയ പരാതിയിലായിരുന്നു നടപടി.

സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്ന് 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് സര്‍ക്കാരിനു കത്തുനല്‍കി. ഗവ. ആയുര്‍വേദ കോളജിലെ ഡോ. വി.കെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം നല്‍കിയിരുന്നു. ഈ രേഖകള്‍ വ്യജമാണെന്നായിരുന്നു പരാതി.

Similar Articles

Comments

Advertismentspot_img

Most Popular