കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തല്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ട്. വാസുദേവന്റെ വീട് ശ്രീജിത്തും സജിത്തും ആക്രമിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു പരമേശ്വരന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി പിന്നീട് മാധ്യമങ്ങളിലൂടെ തിരുത്തി.
താന്‍ സംഭവം കണ്ടിട്ടില്ലെന്ന് പരമേശ്വരന്‍ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പിന്നീട് ഈ മൊഴിയും മാറ്റി തന്റെ ആദ്യ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരമേശ്വരന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അച്ഛന്റെ മൊഴി സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കാമെന്ന് പറഞ്ഞ് മകന്‍ ശരത് രംഗത്തെത്തിയിരിക്കുന്നത്.
അച്ഛന്‍ ഈ സംഭവത്തിന് സാക്ഷിയാകാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ശരത് പറയുന്നത്. അച്ഛന്‍ ചുമട്ട് തൊഴിലാളിയാണ്. സംഭവദിവസം അച്ഛന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും അച്ഛന്‍ വീട്ടില്‍ എത്തിയിരുന്നില്ല.
അതിനാല്‍ത്തന്നെ സംഭവം അച്ഛന്‍ കാണാന്‍ യാതൊരു സാധ്യതയുമില്ല. സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തിയിരുന്നെന്നും അവരുടെ സമ്മര്‍ദ്ദത്തിലാകാം ശ്രീജിത്തിനും സജിത്തിനുമെതിരെ അച്ഛന്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും ശരത് പറയുന്നു.