വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.
കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ നിരാഹാര സമരം ആംരംഭിച്ചത്. സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ തങ്ങള്‍ കഴിച്ചത് ബിരിയാണി അല്ല തക്കാളി ചോറാണെന്നും പറഞ്ഞ് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അണ്ണാ ഡി.എം.കെയുടെ നിരാഹാര സമരം.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് കഴിയുന്ന രീതിയിലായിരുന്നു സമരം. അതേ സമയം കേന്ദ്രസര്‍ക്കാരിനെതിരായി അണ്ണാ ഡി.എം.കെ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.