സിനിമയില്‍ സൂപ്പര്‍ താരങ്ങളോ മക്കളോ അല്ലാത്തവര്‍ക്ക് ഞങ്ങള്‍ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേല്‍ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ പ്രോത്സാഹിപ്പിക്കരുത്.. സുഡൂ… മാപ്പ്; സുഡാനി ഫ്രം നൈജീരിയ ആരോപണത്തില്‍ പ്രതികരണവുമായി ശാരദക്കുട്ടി

സിനിമയില്‍ സൂപ്പര്‍ താരങ്ങളോ മക്കളോ അല്ലാത്തവര്‍ക്ക് ഞങ്ങള്‍ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേല്‍ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ നിശ്ശബ്ദമായിരുന്ന് പ്രോത്സാഹിപ്പിക്കരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സുഡാനി ഫ്രം നൈജീരിയയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരിന്നു അവര്‍.

ഈ വിഷയത്തിലെ പ്രതിലോമകരമായ രാഷ്ട്രീയത്തെ പൊളിച്ചടുക്കി കൊടുക്കേണ്ട ബാധ്യത സമിര്‍ താഹിറിനും ഷൈജു ഖാലിദിനുമുണ്ടെന്ന് ശാരദക്കുട്ടി പറയുന്നു. നൈജീരിയക്കാരന്‍ നടന്റെ പരാതി ഒരു സെക്കന്റ് മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു. ഇത് ഈ വര്‍ണ്ണാഭമായ തൊഴിലിടത്തിലെ സാമ്പത്തിക അനീതിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാന്‍ വന്ന അവസരമായി മാത്രം കാണാം. ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.

ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

വന്‍ ബജറ്റ് ചിത്രങ്ങള്‍ ഒക്കെ പരാജയപ്പെട്ടപ്പോള്‍, സൂപ്പര്‍ ഹിറ്റായി മാറിയ ഒരു ലോ ബജറ്റ് ചിത്രത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള കുത്സിത ശ്രമത്തിന്, സാമുവല്‍ എന്ന നടന്‍ ഒരു ഉപകരണം ആക്കപ്പെടുകയാണോ? അങ്ങനെയും കേട്ടു.

അങ്ങനെയെങ്കില്‍ അതിലെ പ്രതിലോമകരമായ രാഷ്ട്രീയത്തെ പൊളിച്ചടുക്കി കൊടുക്കേണ്ട ബാധ്യത സമിര്‍ താഹിറിനും ഷൈജു ഖാലിദിനുമുണ്ട്. നൈജീരിയക്കാരന്‍ നടന്റെ പരാതി ഒരു സെക്കന്റ് മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളു. തെറ്റുതിരുത്തല്‍ ഒരു സര്‍ഗ്ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ഈ പുതു സിനിമാക്കാര്‍ക്കറിയാം. കാലുഷ്യങ്ങള്‍ നീങ്ങി, ഈയവധിക്കാലത്ത് സുഡാനിയെ കാണാന്‍ കൂടുതല്‍ ആള്‍ക്കാര്‍ തീയേറ്ററിലെത്തട്ടെ.

അല്ലാതെ, സിനിമയില്‍ സൂപ്പര്‍ താരങ്ങളോ മക്കളോ അല്ലാത്തവര്‍ക്ക് ഞങ്ങള്‍ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേല്‍ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ നിശ്ശബ്ദമായിരുന്ന് പ്രോത്സാഹിപ്പിക്കരുത്.

സാമുവലിനെ ഒഴിവാക്കാനുള്ള പഴുതുകള്‍ നിങ്ങളുടെ കരാറിലുണ്ടാകും. പക്ഷേ, കരാറുകളെല്ലാം മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ലംഘിക്കാമെന്ന മാനവികതയുടെ സന്ദേശമല്ലേ ആ സിനിമയിലൂടെ നിങ്ങള്‍ സംവേദനം ചെയ്തത്? ഞങ്ങളെ ബോധ്യപ്പെടുത്തിയത്?

കരാറവിടെ കിടക്കട്ടെ. ഉമ്മാമാര്‍ക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കൂ.. ഈയവധിക്കാലം തീയേറ്ററുകളില്‍ അവരെ കാണാന്‍ മനുഷ്യര്‍ ഇരച്ചു കയറട്ടെ. വെറുതെ ആള്‍ക്കാരെ കൊണ്ടു പറയിക്കണ്ട.

ഇത് ഈ വര്‍ണ്ണാഭമായ തൊഴിലിടത്തിലെ സാമ്ബത്തിക അനീതിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാന്‍ വന്ന അവസരമായി മാത്രം കാണാം. വെളുത്ത സായിപ്പായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കില്ല അയാളെ നമ്മള്‍ യാത്രയയ്ക്കുക എന്ന് പ്രേംചന്ദ് പറഞ്ഞത് നെഞ്ചിനുള്ളിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു..സുഡൂ .. മാപ്പ്

Similar Articles

Comments

Advertismentspot_img

Most Popular