സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; എബിവിപി നേതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, ഒമ്പത് കുട്ടികള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എബിവിപി നേതാവ് അടക്കം മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. എബിവിപി ഛത്ര ജില്ലാ കോര്‍ഡിനേറ്ററായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമ കൂടിയാണ് ഇയാള്‍. ഇയാളുടെ പാര്‍ട്ണറായ പങ്കജ് കുമാര്‍ സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും. പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മികച്ചരീതിയില്‍ പുരോഗമിക്കുകയാണെന്നും ഛത്ര പൊലീസ് സൂപ്രണ്ട് അറിയിച്ചു.

പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പേപ്പറുമാണ് ചോര്‍ന്നത്. തുടര്‍ന്ന് രണ്ട് പരീക്ഷകളും സിബിഎസ്ഇ റദ്ദാക്കി. കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ നിലയില്‍ പത്തോളം ഗ്രൂപ്പുകള്‍ കണ്ടെത്തി. ചോര്‍ന്ന ചോദ്യ പേപ്പറുകള്‍ ഏകദേശം 6000 പേര്‍ക്ക് ലഭിച്ചുവെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

ചോദ്യപേപ്പര്‍ റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവത്തില്‍ ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറി. വിദ്യാര്‍ത്ഥികളുടെ ബാവി വെച്ച് സിബിഎസ്ഇയും സര്‍ക്കാരും പന്താടുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7