ന്യൂഡല്‍ഹി: ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രോഹിത്(22) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
വീടിന് മുറ്റത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രോഹിത് കുട്ടിയെ തന്റെ റൂമിലേക്ക് കൊണ്ടുപോകുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. പീഡനസമയത്ത് കുട്ടിയുടെ മുഖം പൊത്തിപിടിച്ചതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വീടിന് പുറത്തുതള്ളി രോഹിത് കടന്നുകളഞ്ഞു.
ഈ സമയം കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് നഗ്‌നമാക്കിയ കുട്ടിയുടെ ശരീരം രോഹിത്തിന്റെ വീടിന്റെ മുറ്റത്ത് നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
തുടര്‍ന്ന് രോഹിത്തിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടി. മദ്യപിച്ചിരുന്ന സമയത്താണ് ഇതെല്ലാം ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ രോഹിത്ത് പറഞ്ഞത്. മിഠായി നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ തന്റെ റൂമിലേക്കെത്തിച്ചതെന്നും പീഡിപ്പിക്കാന്‍ നോക്കിയപ്പോള്‍ കുട്ടി വേദന കൊണ്ടുകരഞ്ഞതായും ഇതേ തുടര്‍ന്നാണ് താന്‍ മുഖത്ത് കൈ കൊണ്ട് അമര്‍ത്തിപിടിച്ചതെന്നും രോഹിത് മൊഴി നല്‍കി. കുട്ടി മരിച്ചതോടെ വീടിന് പുറത്ത് മൃതദേഹം തള്ളിയെന്നും തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും രോഹിത് പൊലീസിനോട് പറഞ്ഞു.