‘ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക’ ദളിത് സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ റാലിയുമായി ബി.ജെ.പി എം.പി

ലഖ്നൗ: പട്ടികജാതി പട്ടികവര്‍ഗ്ഗത്തോട് കേന്ദസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ യു.പിയില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി എം.പി. ബഹ്റൈച്ച് എം.പി സാധ്വി സാവിത്രി ബായ് ഫൂലെയാണ് ‘ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക’ എന്ന സന്ദേശമുയര്‍ത്തി റാലി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 1ന് ലഖ്നൗവിലെ കാന്‍ഷിറാം സ്മൃതി ഉപ്വനിലാണ് റാലി നടത്തുക.

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയ്ക്ക് ഭീഷണിയാണെന്നും ഭരണഘടനയുടെ നില അപകടത്തിലാണെന്നും അവര്‍ ആരോപിച്ചു. ‘അവര്‍ ഭരണഘടന മാറ്റുമെന്ന് പറയപ്പെടുന്നു. ചിലപ്പോള്‍ അവര്‍ സംവരണം എടുത്തുകളയുമെന്നും പറയപ്പെടുന്നു. ബാബാസാഹിബിന്റെ ഭരണഘടന അപകടത്തിലാണ്’ സാധ്വി പറഞ്ഞു.

സംവരണത്തെ അനുകൂലിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമില്ലാതെ ക്ഷണിക്കുന്നതായും സാധ്വി അറിയിച്ചു. ‘ദളിത് സമൂഹം ഇന്ന് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണിത്. അതിനായി രാഷ്ട്രീയത്തിന് മുകളില്‍ ജനങ്ങള്‍ ഒന്നിക്കണം’ -അവര്‍ പറഞ്ഞു.

ബി.ജെ.പി ദളിതുകള്‍ക്ക് മതിയായ പരിഗണന നല്‍കുന്നുവെന്നായിരുന്നു മുന്‍പ് സാധ്വി പറഞ്ഞിരുന്നത്. ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ആര്‍ക്കെതിരെയുമുള്ള യുദ്ധമല്ല’ എന്നാണ് അവര്‍ പ്രതികരിച്ചത്. ‘സര്‍ക്കാര്‍ അവര്‍ക്ക് വോട്ട് ചെയ്ത ഭൂരിപക്ഷത്തിന്റെ സ്വാധീനത്തിലാവാം. എനിക്ക് ദേഷ്യമില്ല. ഞാന്‍ ആര്‍ക്കും എതിരല്ല. നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി നമ്മള്‍ തന്നെ സംസാരിക്കണമെന്ന ബോധ്യമാണിപ്പോള്‍’ അവര്‍ പറഞ്ഞു.

‘പാര്‍ലിമെന്റ് മുതല്‍ തെരുവ് വരെ, ഞാന്‍ സംവരണവിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും. അത് നമ്മുടെ അവകാശമാണ്. സംവരണമില്ലാതെ ഞാന്‍ ഉള്‍പ്പടെ ഒരു പട്ടികജാതിക്കാര്‍ക്കും പാര്‍ലിമെന്റില്‍ എത്താനാവില്ല, ഡോക്ടറാവാനാവില്ല, പ്രസിഡന്റാവാനാവില്ല.’ അവര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular