കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് കള്ളക്കഥയെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയാണിത്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ് പറഞ്ഞു.
ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് പറയുന്ന വ്യക്തിയാണ് പ്രണൂബ്. രണ്ടുതവണ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പ്രണൂബ് പറയുന്നു. തനിക്കെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രണൂബ് പറയുന്നു. ആര്‍എസ്എസ് ബിജെപി നേതൃത്വം ഉള്‍പ്പെട്ടു എന്ന് പറയുന്നതും കള്ളമാണ്. തന്നെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും പരിചയപ്പെടുത്തുക, പൂര്‍ണമായിട്ടും നാടുകടത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പ്രണൂബ് ആരോപിക്കുന്നു.
കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനു നേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും വാഹനവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന രീതിയിലാണ് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പൊലീസ് പറയുന്നതുപോലെ ക്വട്ടേഷന്‍ സംഘത്തെ രൂപികരിച്ചതായി തനിക്ക് അറിവില്ലെന്നാണ് പ്രണൂബ് പറയുന്നത്.
കണ്ണൂരിലെ സി.പി.എം. പ്രവര്‍ത്തകന്‍ രവീന്ദ്രന്‍നെ വെട്ടിക്കൊന്ന കേസിലടക്കം പ്രതിയാണ് പ്രണൂബ്. എന്നാല്‍ രവീന്ദ്രന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും രവീന്ദ്രന്‍ കൊല്ലപ്പെടുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നുവെന്നും പ്രണൂബ് പറയുന്നു. രണ്ട് പോലീസുകാരുടെ സാന്നിധ്യത്തില്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നപ്പോളാണ് രവീന്ദ്രന്‍ കൊല്ലപ്പെടുന്നത്. അതുപോലെതന്നെ മോഹനന്‍ വധക്കേസിലും താന്‍ പ്രതിയല്ല. ഇതേപോലെ പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയാണ് പി ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ കഥയെന്നും പ്രണൂബ് പറയുന്നു. കണ്ണൂര്‍ പോലുള്ള സ്ഥലത്ത് പി. ജയരാജനെ ആക്രമിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നില്‍ മറ്റെന്തൊ ഗൂഢലക്ഷ്യമുണ്ടെന്നുമാണ് പ്രണൂബ് ആരോപണം.
ജയരാജനെ പ്രണൂബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ സിപിഎം മുഖപത്രത്തിലടക്കം വരുന്നുണ്ട്. ഇതില്‍ പ്രണൂബ് ഉള്‍പെട്ടിട്ടുള്ള കേസുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.