തിരുവനന്തപുരം: സംസ്ഥാനത്തെ അതീവ സുരക്ഷാമേഖലയായ രാജ്ഭവനു മുകളിലൂടെ ഡ്രോണ്‍ ക്യാമറ പറന്നത് പോലീസിനെ ഞെട്ടിച്ചു. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. രാജ്ഭവനില്‍നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് പോലീസ് വിവരം അറിയുന്നത്. രാജ്ഭവനിലെത്തിയ പോലീസിലെ ഉന്നതരും അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പോലീസ്‌സംഘം നടത്തിയ അന്വേഷണത്തില്‍ ഒരു വിവാഹ വീട്ടില്‍നിന്നാണ് ഡ്രോണ്‍ ക്യാമറ രാജ്ഭവനു മുകളിലേക്കു പറത്തിവിട്ടതെന്നു കണ്ടെത്തി. വീട്ടുകാരെ ചോദ്യംചെയ്ത പോലീസ് സംഘം ക്യാമറയും പ്രവര്‍ത്തിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് കമ്മിഷണര്‍ ഓഫീസിലെത്തിച്ച ക്യാമറ പോലീസ് സംഘം വിശദമായി പരിശോധിച്ചു. രാജ്ഭവന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ക്യാമറയില്‍ പകര്‍ത്തിയതായി പോലീസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവുമായി ഉന്നത പോലീസുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. രാജ്ഭവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന കാര്യങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് രാജ്ഭവന്‍ അധികൃതര്‍ കണക്കാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ രാജ്ഭവന്‍ പരിസരത്തു നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ടു നല്‍കി. കസ്റ്റഡിയിലുള്ള ആളെ വൈകിയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പൊലീസിലെ ഒരു ഉന്നതന്‍ ഇടപ്പെട്ടതു വിവാദമായിട്ടുണ്ട്.