കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യക്കു നാല് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തുകളില്‍നിന്ന് 29 റണ്‍സ് സ്വന്തമാക്കിയാണ് അവസാന ഓവറുകളില്‍ കാര്‍ത്തിക് ടീം ഇന്ത്യയെ ചുമലിലേറ്റിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എട്ടിന് 166 റണ്‍സ് എടുത്തു. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
167 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിലയുറപ്പിച്ചപ്പോഴും എതിര്‍ഭാഗത്തു നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. മൂന്നാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 30 കടന്നെങ്കിലും അതേ ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ ആരിഫുള്‍ ഹഖിനു ക്യാച്ച് നല്‍കി ധവാന്‍ മടങ്ങി. റുബല്‍ ഹുസൈനു വിക്കറ്റ് സമ്മാനിച്ചാണു സുരേഷ് റെയ്‌ന, കെ.എല്‍. രാഹുല്‍ എന്നിവര്‍ പുറത്തായത്. 98–ാം റണ്‍സില്‍ രോഹിതും മടങ്ങി. 42 പന്തുകള്‍ നേരിട്ട രോഹിത് 56 റണ്‍സെടുത്താണു പുറത്തായത്.
മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയെങ്കിലും ജയിക്കാന്‍ അതു മതിയായിരുന്നില്ല. മനീഷ് പാണ്ഡെ പുറത്തായതിനു പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക്, നേരിട്ട എട്ടു പന്തുകളില്‍നിന്ന് അഞ്ചു ബൗണ്ടറികള്‍ പറത്തി ഇന്ത്യയ്ക്കു കിരീടം നേടിക്കൊടുക്കുകയായിരുന്നു. അതില്‍ മൂന്നു സിക്‌സറുകളും ഉള്‍പ്പെടുന്നു.
Leave a Comment