കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍. വിവിധ വാര്‍ത്താ ഏജന്‍സികളാണ് ഇത് സംബന്ധിച്ച കണക്ക് നല്‍കുന്നത്.50 പേര്‍ മരിച്ചതായി വാര്‍ത്താഏജന്‍സി റോയിറ്റേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 38 പേരാണ് ഇതുവരെ മരിച്ചയാതി സ്ഥിരീകരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റു. 10 പേരുടെ നില എന്താണെന്ന് വ്യക്തമല്ല.നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയ്ക്കാണ് വിമാനം വീണുതകര്‍ന്നത്. വിമാനത്തില്‍ 71 യാത്രക്കാരുണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
എത്ര പേര്‍ മരണപ്പെട്ടു എന്നതില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ശവശരീരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒരു ഫുട്‌ബോള്‍ മൈതനാത്തിലേക്കാണ് വിമാനം വീണത്. 67 യാത്രക്കാരും 4 കാബിന്‍ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് കാഠ്മണ്ഡു ത്രിഭുവന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍പേരെ പുറത്തെടുക്കാന്‍ വിമാനം വെട്ടിപ്പൊളിക്കുകയാണ്.