ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറങ്ങിയതോടെയാണ് ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി മുരളീധരന് സീറ്റു നല്‍കിയ കാര്യം വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ രാജ്യസഭയിലേക്കു മല്‍സരിക്കുക. കര്‍ണാടകയില്‍ നിന്നു രാജീവ് ചന്ദ്രശേഖറും വീണ്ടും രാജ്യസഭയിലേക്കു മല്‍സരിക്കും. 18 സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. മല്‍സരിക്കുന്നതില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതിയും നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും മുന്നറിയിപ്പു നല്‍കിയിരുന്നു.