ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ രജനീകാന്തിന്റെ ഹിമാലയന്‍ യാത്ര ഇന്ന്. ഒരാഴ്ചയ്ക്കുള്ളില്‍ ചെന്നൈയില്‍ മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഹിമാലയസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം സുപ്രധാന രാഷ്ട്രീയപ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം സിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
ഡിസംബര്‍ 31ന് ചെന്നൈയില്‍ ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയപ്രവേശനം രജനി പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്നോടിയായി സംസ്ഥാനത്തുടനീളം രജനി മക്കള്‍ മണ്‍ട്രത്തിന്റെ ജില്ലാ ഭാരവാഹികളെ നിയമിച്ചിട്ടുണ്ട്.