കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധനഫലമാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാക്കിയത്. ജനുവരി ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. 2016 സെപ്റ്റംബര്‍ മുതല്‍ ശകുന്തളയെ കാണാനില്ലായിരുന്നു.
കൈകള്‍ മടക്കി, കാലുകള്‍ പുറകില്‍ കെട്ടി തലകീഴായി ആണ് കോണ്‍ക്രീറ്റ് ഉറപ്പിച്ച നിലയില്‍ മൃതദേഹം വീപ്പക്കുള്ളില്‍ കണ്ടത്. ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധയില്‍ കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വ്യക്തമായിരുന്നു. കണങ്കാലിലെ ഒടിവിന് ശസ്ത്രക്രിയ നടത്തി ഉറപ്പിച്ച പിരിയാണിയാണ് മരിച്ചത് ശകുന്തള ആണെന്ന സംശയത്തിന് ഇടയാക്കിയത്. പിരിയാണിയുടെ ബാച്ച് നമ്പര്‍ ഉപയോഗിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കാണാതാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് സ്‌കൂട്ടര്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ ശകുന്തളക്ക് തൃപ്പൂണിത്തുറ വിജയകുമാരമേനോന്‍ ആശുപത്രിയില്‍ വച്ചാണ് പിരിയാണി ഘടിപ്പിച്ചത്.
മകളോട് പിണങ്ങി ഒറ്റയ്ക്കായിരുന്നു ശകുന്തള താമസിച്ചിരുന്നത്. ഇവരുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപ സമ്പാദ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം മരണത്തില്‍ എത്തിച്ചതെന്നും സൂചനയുണ്ട്. അതേസമയം ശകുന്തളയുടെ മകളുടെ സുഹൃത്തായിരുന്ന ഏരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ശകുന്തളയുടെ അസ്ഥികൂടം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയതിനു പിറ്റേദിവസം ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. 2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്.