ധവാന്‍ വീണ്ടും തിളങ്ങി; ഇത്തവണ ഇന്ത്യയ്ക്ക് ജയം

കൊളംബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മികച്ച പ്രകടനത്തിലൂടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. സ്‌കോര്‍: ബംഗ്ലാദേശ് 139/8 (20), ഇന്ത്യ140/4(18.4).
ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടക്കം മുതല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ബംഗ്ലാദേശിനു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട നിരവധി ക്യാച്ചുകള്‍ ബംഗ്ലാദേശിനെ തുണച്ചു. 34 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് ടോപ് സ്‌കോറര്‍. ലിട്ടണ്‍ ദാസിനു പുറമേ തമിം ഇഖ്ബാല്‍(15), സൗമ്യ സര്‍ക്കാര്‍(14), മുഷ്ഫിഖര്‍ റഹിം(18), മഹമ്മദുള്ള(1), സാബിര്‍ റഹ്മാന്‍(30), മെഹ്ദി ഹസന്‍(3), റൂബല്‍ ഹുസൈന്‍(0) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍.
ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട് മൂന്നും വിജയ് ശങ്കര്‍ രണ്ടും ശര്‍ദുള്‍ താക്കുര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 15 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രായായി വിട്ടുനല്‍കിയത്.
140 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തില്‍ത്തന്നെ നായകന്‍ രോഹിത് ശര്‍മ(17)യെ നഷ്ടപ്പെട്ടു. സ്ഥാനക്കയറ്റം ലഭിച്ച റിഷഭ് പന്ത് അഞ്ചു റണ്‍സുമായി മടങ്ങി. ഇതിനുശേഷം ഒത്തുചേര്‍ന്ന ധവാന്‍-സുരേഷ് റെയ്‌ന കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്കു നയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 108ല്‍ റെയ്‌ന(28) മടങ്ങി. അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ ധവാനും(44 പന്തില്‍ 55) പുറത്തായി. തുടര്‍ന്ന് കൂടുതല്‍ നഷ്ടം കൂടാതെ മനീഷ് പാണ്ഡെ(27) ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

pathram:
Leave a Comment