താനെ: ചില ഉപാധികള്‍ അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിം കസ്‌കര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. എന്നാല്‍ ദാവൂദ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതീവ സുരക്ഷയുള്ള മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ മാത്രമേ ദാവൂദ് ഇബ്രാഹിമിനെ പാര്‍പ്പിക്കാവൂ എന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിന്റെ കേസിനായി എത്തിയ കെസ്വാനി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ദാവൂദ് ഇബ്രാഹിം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്തന്നെ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാം ജെത്മലാനി മുഖേന ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള താല്‍പര്യവും വ്യവസ്ഥകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല’, കെസ്വാനി പറഞ്ഞു.
2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെടുന്നതുവരെ നാലു വര്‍ഷം കഴിഞ്ഞത് മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലായിരുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയും നേരത്തെ ദാവൂദ് രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു.