തിരുവനന്തപുരം:ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാചെലവ് എഴുതിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സമാനമായ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് നിലപാട് ഈ മാസം 13ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ബിജെപി ദേശിയ നിര്‍വാഹക സമതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി.മുരളീധരനാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഭര്‍ത്താവ് കെ.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ചികിത്സാ ചെലവായ 180088.8 രൂപ അനധികൃതമായി എഴുതി എടുക്കാന്‍ ശ്രമിച്ചെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കെ.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ചികിത്സ നടത്തിയ കാലാവധി പല രേഖകളിലും കാണിച്ചിട്ടില്ല. ഒരേ സമയം ഒരേ ചികിത്സാ രീതിക്ക് തുക അനുവദിച്ചിട്ടില്ല. ഈ നടപടികള്‍ എല്ലാം മന്ത്രി എന്ന നിലയില്‍ ചട്ട വിരുദ്ധമായ നടപടികളാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.