മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല’ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം ‘ഗുരുതര’മല്ലെന്ന് ജസ്റ്റിസ് കെ.കെ. ടാട്ടഡ്, ജസ്റ്റിസ് സാരംഗ് കോത്‌വാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന്റെ ഭാര്യ ജോലിക്കാരിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോലിക്കു പോകുന്നതിനു പുറമെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതും പരാതിക്കാരനും മാതാപിതാക്കള്‍ക്കും ഭക്ഷണം പാകം ചെയ്യുന്നതും ഇവര്‍ തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുജോലികളെല്ലാം ചെയ്ത ശേഷമാണു യുവതി ജോലിക്കു പോകുന്നതെന്നും കോടതി കണ്ടെത്തി. ഭാര്യയെ അതിരാവിലെ വിളിച്ചെഴുന്നേല്‍പ്പിച്ചാല്‍ അവര്‍ തന്നെയും മാതാപിതാക്കളെയും ചീത്ത വിളിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണവും കോടതി തള്ളി.
ജോലിസ്ഥലത്തുനിന്നു വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തുന്ന ഭാര്യ, കുറച്ചുനേരം മയങ്ങിയശേഷം 8.30നു മാത്രമേ അത്താഴം പാകം ചെയ്യുന്നുള്ളുവെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. തന്നോടൊത്തു സമയം ചെലവിടാനും വീട്ടിലെത്തുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം പോലും തരാനും ഭാര്യയ്ക്കു സമയമില്ലെന്നും പരാതിയിലുണ്ടായിരുന്നു.
എന്നാല്‍, പരാതിക്കാരന്റെ ആരോപണങ്ങളെല്ലാം ഭാര്യ കോടതിയില്‍ നിഷേധിച്ചു. താന്‍ വീട്ടുജോലികള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നില്ലെന്നു തെളിയിക്കാന്‍ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും സാക്ഷിമൊഴികളും യുവതി കോടതിയില്‍ ഹാജരാക്കി. പരാതിക്കാരനും മാതാപിതാക്കളും തന്നോടു മോശമായി പെരുമാറുന്നുവെന്ന് കാട്ടി യുവതി പരാതിയും നല്‍കിയിട്ടുണ്ട്.
എന്തായാലും, പരാതിയില്‍ ഉന്നയിച്ചപോലെ പരാതിക്കാരന്റെ ഭാര്യ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, രുചികരമായ ഭക്ഷണം പാകം ചെയ്യുന്നില്ലെന്ന ആരോപണവും നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു. വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചെങ്കിലും അവിടെനിന്ന് ഹര്‍ജി തള്ളിയതിനാലാണ് പരാതിക്കാരന്‍ ഹൈക്കോടതിയിലെത്തിയത്. എന്തായാലും ഭാര്യയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.