തിരുവനന്തപുരം: ഭക്തിയുടെ പാരമ്യതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് അനന്തപുരിയുടെ നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്.
ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത്. ഇതു പൂര്‍ത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒന്‍പതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനമാകും.
കഴിഞ്ഞ ദിവസം മുതല്‍തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ തലസ്ഥാനത്തേക്ക് എത്തിതുടങ്ങിയിരുന്നു. ഇന്നലെതന്നെ ആറ്റുകാല്‍ ക്ഷേത്രവും പരിസരവും പൊങ്കാലക്കെത്തിയ സ്ത്രീകളെകൊണ്ട് നിറഞ്ഞുകവിഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ എല്ലായിടത്തും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും ഭക്തരുടേയും നേതൃത്വത്തില്‍ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യാനായി പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമാത്രമല്ല, വിദേശരാജ്യങ്ങളില്‍നിന്നുപോലും പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ വനിതകളെത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ പൊങ്കാലയിടാനുള്ള സൗകര്യം സഹിതം വിവിധ ഓഫറുകളിലൂടെ വിദൂരദേശങ്ങളില്‍നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
ആറ്റുകാല്‍ മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥികളും ഇടവഴികളും ചൊവ്വാഴ്ച രാത്രിയോടെ സ്ത്രീകള്‍ കൈയടക്കി. നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ബുധനാഴ്ച രാവിലെതന്നെ കൂട്ടമായെത്തിയ സ്ത്രീകളുടെ വാഹനങ്ങള്‍ നഗരത്തില്‍ പലയിടത്തും ഗതാഗതം സ്തംഭിപ്പിച്ചു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയുമുണ്ടായി.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.