കൊച്ചി: തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാ(52)ണ് കൊല്ലപ്പെട്ടത്. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍, ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.
കൊച്ചി ചേരാനെല്ലൂര്‍ തേലക്കാട്ട് പൗലോസ്‌ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ.സേവ്യര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബര്‍ 27ന് ബിഷബ് മാര്‍ ജേക്കബ് മനത്തോടത്തില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യര്‍ തേലക്കാട്ട് സിഎല്‍സി അതിരൂപതാ ഡയറക്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.