കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് വയലാര്‍ രവി നാരാങ്ങാ വെള്ളം നല്‍കി സമരം അവസാനിപ്പിക്കും. എട്ടു ദിവസമായി തുടര്‍ന്നുവരുന്ന നിരാഹാര സമരത്തെ തുടര്‍ന്ന് സുധാകരന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം വിലയിരുത്തി.
കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. കേസ് സിബിഐയ്ക്ക് വിടില്ലെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
കോടതിയില്‍ പോകാതെ നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ വരുമെന്നു പ്രതീക്ഷിച്ചല്ല സമരം തുടങ്ങിയത്. സമരം എന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ മുഖം തുറന്നു കാട്ടാനാണ് സമരം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.