ഡല്‍ഹി: രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പന്തളം പോലീസ് പിടിയില്‍. ഡല്‍ഹി ഉത്തംനഗര്‍ നാനേ പാര്‍ക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജന്‍ കുമാര്‍ സിംഗ് (24) പിടിയിലായത്. തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ഇയാളുടെ സംഘത്തിലെ അംഗമായ ആഷിഷ് ദിമാനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. രാജ്യവ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വിവിധ ബാങ്ക് ഇടപാടുകാരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിന്റെ തലവനായ രാജന്‍ കുമാര്‍ സിംഗ് പോലീസിന്റെ വലയിലായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ കൂട്ടാളിയായ ആഷിഷ് ദിമാനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡല്‍ഹിയില്‍ നിന്നും പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് പറഞ്ഞു. ഇയാളുടെ സംഘത്തിലെ 8 സ്ത്രീകളടക്കമുള്ള പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതികള്‍ ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്.
ഓണ്‍ലൈന്‍ ഇടപാടുകാരെയാണു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓണ്‍ലൈന്‍ പര്‍ചേസിംഗ് ആന്‍ഡ് സെല്ലിംഗ് സൈറ്റുകളില്‍ നിന്നും ഇടപാടുകാരുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ കരസ്ഥമാക്കും. പിന്നീട് ബാങ്കില്‍ നിന്നെന്ന വ്യാജേന സ്ത്രീകള്‍ ഇവരെ വിളിച്ച് ചിപ്പ് വച്ച എ റ്റി എം നല്‍കാനെന്നു തെറ്റിധരിപ്പിച്ച് എ റ്റി എം കാര്‍ഡിന്റെ രഹസ്യ നമ്പര്‍ ചോദിച്ചറിയും. നമ്പര്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ നിന്നും പേ റ്റി എം, എയര്‍ടെല്‍ മണി തുടങ്ങിയ ഓണ്‍ലൈന്‍ വലറ്റുകളിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യും. ഇതിനായി സംഘാംഗങ്ങളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നതാണ് ഇവരുടെ രീതി. സംഘാംഗങ്ങളായ സ്ത്രീകള്‍ക്ക് 30000 രൂപ വരെ ശമ്പളം നല്‍കിയിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.