അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി അന്വേഷണസംഘം. രാവിലെ പതിനൊന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയിരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അഞ്ച് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ പ്രതികളുടെ എണ്ണം പതിനാറായി. നേരത്തേ, മധുവിന്റെ മരണത്തിനു കാരണം ആള്‍ക്കൂട്ട മര്‍ദനമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. അതേ തുടര്‍ന്നാണ് പ്രതികളെയെല്ലാം പോലീസ് പിടികൂടിയത്.
നേരത്തെ അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് മധുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് തടഞ്ഞു. മുക്കാലിയില്‍ വച്ച് ആദിവാസി സംഘടനകളാണ് ആംബുലന്‍സ് തടഞ്ഞത്. എന്നാല്‍, പ്രാദേശിക നേതാക്കളും പൊലിസും പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആംബുലന്‍സ് യാത്ര ആരംഭിച്ചത്.