നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്… മധുവിനോട് കേരള സമൂഹം മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ട് ഊരാളി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിനോട് കേരളം മാപ്പു ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ഊരാളി. ‘നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്ന്’ എന്ന വരികളുടെ പശ്ചാത്തലത്തിലായിരുന്നു മധുവിനോട് കേരളം മാപ്പുചോദിക്കണമെന്ന ആവശ്യവുമായി ഊരാളി രംഗത്തെത്തിയത്.

കേരളത്തിലെ മനുഷ്യസമൂഹം മധുവിനോട് ഉള്ളുതുറന്ന് മാപ്പ് ചോദിക്കേണ്ട സമയാണ് ഇതെന്നും ഈ രക്തത്തില്‍ എനിക്കും പങ്കുണ്ട് എന്ന് ഓരോരുത്തരും ഓര്‍ക്കണമെന്നും വീഡിയോയില്‍ ഊരാളി പറയുന്നു. ഇന്ന് 2018 ഫെബ്രുവരി 24 ശനിയാഴ്ച്ച. ഇന്ന് ഊരാളി അഗളിയിലേക്ക് പോകുന്നുണ്ട്. ഇത്തരം ചെയ്തികള്‍ ഇനി ഒരിക്കലും മടങ്ങി വരാതിരിക്കട്ടെ എന്ന് നമ്മള്‍ നമ്മളോടുതന്നെ പറയുക. നമ്മള്‍ എങ്ങനെ നമ്മള്‍ ആയെന്ന് നമ്മളോട് തന്നെ ചോദിക്കുക.

ആകാവുന്നിടത്തോളം ജനാധിപത്യ വിശ്വാസികള്‍ ഇന്ന് അഗളിയില്‍ എത്തണം, ആകാത്തവര്‍ മനസുകൊണ്ടെങ്കിലും ശക്തി പ്രകടനത്തിനുള്ള ദിവസം അല്ല ഇന്ന്, നിഷ്‌കളങ്ക സ്നേഹത്തിന്റെ ശവമടക്കാണിന്ന്. ഇന്നല്ലെങ്കില്‍ പിന്നെ എന്നായിരിക്കാം നമ്മളൊന്ന് പാടിക്കരയുന്നത്, കരഞ്ഞുപാടുന്നത്?- ഊരാളി ചോദിക്കുന്നു.

‘കേരളത്തിലെ കപട സദാചാര വാദികള്‍ മധുവെന്ന ആദിവാസി യുവാവിനെ ദയയില്ലാതെ കൊന്നുകളഞ്ഞിട്ട് ഇന്നേക്ക് 2 ദിവസം ആവുന്നു. മധുവിന്റെ ജീവനില്ലാത്ത ശരീരം ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തൃശൂരിലെ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കാത്തുകിടക്കുകയാണ്. നമ്മുടെ സ്നേഹവും കരുതലും ദയയുമെല്ലാം എവിടെപ്പോയി എന്ന് ജീവനില്ലാത്ത ആ ശരീരം നമ്മളോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്.

ഉത്തരങ്ങള്‍ കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സത്യമെല്ലാം വിളിച്ചുപറഞ്ഞു ഭ്രാന്തനെന്നും കള്ളനെന്നും പേര് ചാര്‍ത്തപ്പെട്ട് വിശന്ന് തളര്‍ന്ന് ആ ചെറുപ്പക്കാരന്‍ ഈ മണ്ണില്‍ തന്നെ കുഴഞ്ഞ് ഇല്ലാതായി. എവിടെ പോയി നമ്മുടെ സ്നേഹം എവിടെപ്പോയി നമ്മുടെ വിശ്വാസങ്ങള്‍ എവിടെ പോയി എല്ലായ്പ്പോഴും നമ്മള്‍ വിളിച്ചുനിലവിളിക്കുന്ന ദൈവങ്ങള്‍ ?എവിടെ പോയി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ എവിടെ പോയി നമ്മുടെ ഹൃദയം.

കേരളത്തിലെ മനുഷ്യസമൂഹം മധുവിനോട് ഉള്ളുതുറന്ന് മാപ്പ് ചോദിക്കേണ്ട സമയാണ് ഇത്. നമുക്ക് പറയണം മധു മാപ്പ്. ഈ രക്തത്തില്‍ എനിക്കും പങ്കുണ്ട് എന്ന് ഓര്‍ക്കുക.

അഗളിയില്‍ മധു പലപ്പോഴും നടക്കുകയും പാടുകയും ഓര്‍മ്മകള്‍ വിതറിപ്പോവുകയും ചെയ്ത വഴികളിലൂടെ മധു ഇന്ന് തിരിച്ചുനടക്കുകയാണ്. കേരള സമൂഹം മാപ്പ് ഉറക്കെ പറഞ്ഞ് മധുവിനൊപ്പം നില്‍ക്കേണ്ട ദിവസമാണ്. വിശന്നുമരിച്ചത് വെറുമൊരു ആദിവാസി യുവാവല്ല. ആവേശപൂര്‍വം നമ്മളെല്ലാം ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന വെറുമൊരു അനുജനല്ല.

കാരുണ്യം നഷ്ടപ്പെട്ട ഒരുപാട് മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാന്‍ മനസുകാണിക്കാതെ സ്നേഹത്തിന്റെ ഉറവ വറ്റിയെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് കൂടിനിന്ന് കൊലപ്പെടുത്തിയിരിക്കുന്നു.

ഇന്നെല്ലാവരും അഗളിയിലേക്ക് വരണം. മധുവിനോട് മാപ്പ് ചോദിക്കാന്‍ നിങ്ങളും വരണം. തുറന്നുപറയണം. കേരളത്തിന്റെ കടപ സദാചാര മുഖം അഴിഞ്ഞുവീഴേണ്ട ഈ നിമിഷത്തില്‍ വെറുതെയിരിക്കാന്‍ നമുക്കാവില്ല. ഓര്‍മ്മിപ്പിക്കണം കേരള സമൂഹത്തെ മനുഷ്യ കുലത്തെ.

നിങ്ങള്‍ എല്ലാവരും അഗളിയിലേക്ക് വരണം. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം. സ്നേഹമെന്നത് ഒരു വാക്കായി മാത്രം അവസാനിപ്പിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. കൂടെയുണ്ടാവണം അഗളിയിലേക്ക് വരണം. നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്…..എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7