മുഖ്യമന്ത്രിയുടെ വീട്ടില്‍ പൊലീസ് പരിശോധന; എഴുപതോളം പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ കേജ്‌രിവാള്‍ പ്രതികരിച്ചു. ആരോപണത്തിന്റെ പേരില്‍ ഒരു വലിയ കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയാണ് വീട്ടിലേക്കു വിട്ടത്. ഇവര്‍ വന്നു വീടു മുഴുവന്‍ അരിച്ചുപെറുക്കി. സിബിഐ ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തിലും ഇതേ പരിഗണന അന്വേഷണ ഏജന്‍സികള്‍ കാണിക്കണം. സംഭവത്തില്‍ എന്നെങ്കിലും അമിത് ഷായെ ചോദ്യം ചെയ്തിട്ടുണ്ടോ?–കേജ്‌രിവാള്‍ ചോദിച്ചു.
എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയില്‍ തെൡുശേഖരിക്കുന്നതിന് സിവില്‍ ലൈന്‍ ഏരിയയിലെ വീട്ടിലേക്കാണ് അന്വേഷണ സംഘമെത്തിയത്. അതേസമയം, ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉടന്‍ ലഫ്. ഗവര്‍ണറെ കാണും. സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെടും. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വീട്ടില്‍വച്ച് ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയില്‍ എഎപി എംഎല്‍എമാരായ പ്രകാശ് ജര്‍വാള്‍, അമന്‍തുല്ല ഖാന്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചീഫ് സെക്രട്ടറിയെ മര്‍ദ്ദിക്കുന്നതു കണ്ടുവെന്ന് മുഖ്യമന്ത്രിയുടെ ഉപദേശകനായ വി.കെ. ജെയിന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7