ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ വാട്ട്‌സ് ആപ്പിലൂടെ എല്ലാ പോലീസുകാര്‍ക്കും നല്‍കിയിരുന്നു; വിവരം ചോര്‍ന്നത് ഇങ്ങനെ

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പൊലീസിന്റെ വീഴ്ച ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വലിയ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണ് കഴിഞ്ഞ 17ന് മുടക്കോഴി മലയിലെ പരിശോധന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആസൂത്രണം ചെയ്തത്.
പരിശോധന തുടങ്ങുന്നതിനു മുന്‍പ്, കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ എല്ലാ പൊലീസുകാര്‍ക്കും വാട്‌സാപ്പിലൂടെ നല്‍കി. ആകാശിനെ തിരിച്ചറിഞ്ഞ ചില പൊലീസുകാര്‍ അപ്പോള്‍ത്തന്നെ വിവരം ചോര്‍ത്തിയതായാണ് വിവരം. ആരാണു ചോര്‍ത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണിക്കൂറുകളോളം തിരഞ്ഞിട്ടും പൊലീസ് സംഘത്തിന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ എസ്പി കടുത്ത അതൃപ്തി സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ്, അന്വേഷണ വിവരം ചോരുന്നതിനെപ്പറ്റി എസ്പി ഡിജിപിയോടു പരാതി അറിയിച്ചത്. രേഖാമൂലമല്ല, ഫോണില്‍ അറിയിച്ചതായാണു വിവരം. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി.
എസ്പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്പി നിഷേധിച്ചു. തുടര്‍ന്നാണ്, റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയില്‍ വാഹനം കണ്ടെത്താന്‍ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാന്‍ വൈകിയതും മട്ടന്നൂര്‍ പൊലീസിനു സംഭവിച്ച വീഴ്ചയാണ്. അതേസമയം യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാരമിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7