ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീം കോടതിയില്‍ പ്രിയ വാര്യര്‍

ന്യൂഡല്‍ഹി: ചുരുങ്ങിയ ദിവസങ്ങളില്‍ രാജ്യത്തെ വന്‍ പ്രചാരവും തുടര്‍ന്ന് വിവാദങ്ങളും ഉണ്ടാക്കിയ അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന പാട്ടില്‍ അഭിനയിച്ചതിന് ജീവന് ഭീഷണിയുണ്ടെന്ന് പ്രിയ സുപ്രീം കോടതിയെ അറിയിച്ചു. പാട്ടിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദാക്കണമെന്നാവശ്യപ്പെട്ട് പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസെടുക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്ന് പ്രിയ ഹര്‍ജിയിലൂടെ ചൂണ്ടികാട്ടി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാട്ടിനെ പ്രശംസിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.
മാണിക്യ മലരായ പൂവി എന്ന പാട്ട് മതവികാരം വൃണപ്പെടുത്തിയെന്ന് പരാതിയില്‍ തെലങ്കാന, മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദാക്കണമെന്ന് പ്രിയ വാര്യര്‍ ആവശ്യപ്പെട്ടു. 40 വര്‍ഷമായി മാപ്പിളപാട്ടായി കേരളത്തിലെ മുസ്ലീം സമുഹം ഏറ്റെടുത്ത പാട്ട്, നമ്പിയുടേയും ഭാര്യ ഖദീജയുടേയും പ്രണയത്തെ രേഖപ്പെടുത്തുന്നതാണ്. ഒരു സമൂഹത്തേയും അവഹേളിച്ചിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാട്ടിനെ പ്രശംസിച്ചിട്ടുണ്ടെന്നും പ്രിയ വാര്യന്‍ ചൂണ്ടികാട്ടുന്നു. പാട്ടിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഹര്‍ജിയോടൊപ്പം ചലച്ചിത്ര പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.
പാട്ട് ഇംഗ്ലീഷിലേയ്ക്ക് മൊഴി മാറ്റം ചെയ്യുമ്പോള്‍ അര്‍ത്ഥം മാറുന്നുവെന്ന് പരാതിയില്‍ കഴമ്പില്ല. മലയാളമറിയാത്ത നാടുകളിലെ ചിലര്‍ പാട്ടിലെ അര്‍ത്ഥം തെറ്റിദ്ധരിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായ അഡാര്‍ ലൗവിലെ നായിക പ്രിയവാര്യര്‍ , സിനിമയുടെ സംവിധായകന്‍ ഒമാര്‍ അബ്ദുള്‍,നിര്‍മ്മാതാവ് ജോസഫ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പാട്ടില്‍ അഭിനയിച്ച് ശ്രദ്ധേയായതിന് പിന്നാലെ ജീവന് തന്നെ ഭീഷണിയായി. ചില മതനേതാക്കള്‍ ഫത്വ പുറപ്പെടുവിച്ചു.
ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്രത്തിന് എതിരായ ഇത്തരം കേസുകള്‍. കന്യാത്വത്തെക്കുറിച്ചുള്ള അഭിപ്രായത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ഖുശ്ബുവിനെതിെര കേസെടുത്തിരുന്നെങ്കിലും പിന്നീട് കോടതി അഭിപ്രായ സ്വാതന്ത്രം പരിഗണിച്ച് കേസുകള്‍ റദാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് പ്രിയവാര്യരുടെ അഭിഭാഷകന്‍ നാളെ ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular