വിവാദം വീണ്ടും കത്തുന്നു, പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍

സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരം നേടിയ, ‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാരിയര്‍ സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണു പ്രിയ കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു പ്രിയ ഹര്‍ജിയില്‍ വ്യക്തമാക്കി. പ്രിയയ്ക്കു പുറമേ, സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ ഒമറിനു തെലങ്കാന പൊലീസ് നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

‘മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്!ലിംകള്‍ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്.

അതേസമയം, മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരന്‍ സമിതി എന്ന സംഘടന മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം.വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7