തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ എസ്പി രംഗത്തെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. ഇക്കാര്യം ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചുവെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം. അതേസമയം, നിലവിലെ അന്വേഷണത്തിന്റെ പുരോഗതി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വിലയിരുത്തി.
വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ‘അണ്‍പ്രഫഷന’ലാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈമാസം 12നാണ് എടയന്നൂരില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.