ന്യൂഡല്‍ഹി: അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നാരോപിച്ച് ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്നും കോടതിയില്‍ അറിയിച്ചത്.
മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതായും യുവതി പറയുന്നു. അതിന് പുറമെ നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണ്. ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ഹര്‍ജി നല്‍കിയ കമലേഷ് വാസ്വാനി എന്ന അഭിഭാഷകന്‍ മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി പറഞ്ഞു.