തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസ് ഒത്തുതീര്‍ന്നു. ദുബായിയില്‍ കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്നു ബിനോയ് കോടിയേരി അറിയിച്ചു. പണം നല്‍കിയല്ല കേസ് അവസാനിപ്പിക്കുന്നതെന്നും പരാതിക്കാരനായ ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി സ്വയം കേസ് പിന്‍വലിക്കുകയായിരുന്നെന്നും ബിനോയ് വ്യക്തമാക്കി. കേസ് അവസാനിച്ചതോടെ ഞായറാഴ്ച നാട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സാന്പത്തിക തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മകന്‍ നിരപരാധിയാണെന്നും യാത്രാവിലക്കില്ലെന്നും നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നുവെങ്കിലും ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതോടെ കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുകയായിരുന്നു.
ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നും ഈ പണം തിരിച്ചുതരാതെ പറ്റിച്ചെന്നുമാണ് ബിനോയ്‌ക്കെതിരേ ദുബായ് കമ്പനിയുടെ ആരോപണം.