കൊച്ചി: പാറ്റൂര്‍ കേസ് വിധിന്യായത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കോടതി വിമര്‍ശിച്ചു.പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല. മുതിര്‍ന്ന പൊലിസ് ഓഫിസറെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജേക്കബ് തോമസ് ഡി.ജി.പി സ്ഥാനത്തിന് അര്‍ഹനാണോ എന്ന കാര്യവും സംശയിക്കേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിക്കൊണ്ടാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നും കോടതി നിരീക്ഷിച്ചു.നേരത്തെ കേസ് പരിഗണിച്ചപ്പോഴും ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.