ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വിവാദമാകുന്നതിനിടെ ഇതിനെതിരേ നടപടി കര്‍ശനമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോക്കിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് അതേ രീതിയിലായിരിക്കും മറുപടിയെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. ‘സംസ്ഥാനത്തെ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കും. ഇതിനിടെ ആരെങ്കിലും തോക്കു കൊണ്ടു സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കാമെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ തോക്കുകളായിരിക്കും അവരോടു മറുപടി പറയുക. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല’– യോഗി വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ മോശമായി പെരുമാറുന്നത് അപഹാസ്യമാണെന്നു നേരത്തേ ലക്‌നൗവില്‍ യോഗി അഭിപ്രായപ്പെട്ടു. നിയമസഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയവ ശരിയല്ല. സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറോടു മോശമായ ഭാഷയില്‍ സംസാരിക്കരുതായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.