തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്.
പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്സിനായി വിനീത് വല ചലിപ്പിച്ചത്.
വിനീതിന്റെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് വളരെ സ്പെഷ്യല്‍ ആണെന്നും പൂനെക്കെതിരായ കളി ജയിച്ച് ടീം മുന്നോട്ടു പോയില്ലെങ്കില്‍ അതു പ്ലേ ഓഫ് സാധ്യതകളെ തന്നെ ഇല്ലാതാക്കുമായിരുന്നെന്നും ജയിംസ് പറഞ്ഞു.
‘ബോക്സിനു പുറത്തു നിന്നും ഷൂട്ട് ചെയ്യരുതെന്ന് താന്‍ വിനീതിനോട് പറഞ്ഞിരുന്നു. അതിനെ മറികടന്നാണ് വിനീത് ഉജ്ജ്വല ഗോള്‍ നേടിയത്’ ജയിംസ് പറഞ്ഞൂ. ഗോളിനു ശേഷം വിനീതിനെ കെട്ടിപ്പിടിച്ചായിരുന്നു ജയിംസ് ആഹ്ലാദം പ്രകടിപ്പിച്ചത്.
ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ പെകൂസന്റെ ലോംഗ്ബോള്‍ പിടിച്ചെടുത്ത വിനീത് ബോക്സിനു പുറത്തു നിന്നും ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് പൂനെ വലക്കകത്തെത്തിക്കുകയായിരുന്നു.
വിജയഗോള്‍ ദിവസങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ തന്റെ അച്ഛന്റെ ജ്യേഷ്ഠനായിരുന്നു വിനീത് സമര്‍പ്പിച്ചത്. കളിയുടെ മുഴുവന്‍ സമയത്തും താന്‍ നിങ്ങളെ ഓര്‍ത്താണ് കളിച്ചിരുന്നതെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Leave a Comment