മൂവാറ്റുപുഴ: കയ്യേറ്റ കേസില്‍ എഫ്ഐആര്‍ നിലവിലുള്ള സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 12ലേക്ക് മാറ്റി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.ചെലവന്നൂര്‍ കായല്‍ കയ്യേറ്റ കേസാണ് ജയസൂര്യയ്ക്കെതിരെയുള്ളത്. ഈ കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി വേണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കയ്യേറ്റം നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതെന്നായിരുന്നു പരാതി. ഇതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ജയസൂര്യക്ക് പാസ്പോര്‍ട്ടിനായി കോടതിയെ സമീപിക്കേണ്ടി വന്നത്.