മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആമിയില്‍ നിന്ന് പിന്മാറിയതിന്റെ പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍. ഒറ്റ വാക്കില്‍ ഒതുക്കാവുന്ന കാരണമല്ല ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തനിക്കുളളതെന്ന് അവര്‍ പറഞ്ഞു. അതേസമയം ചിത്രത്തെ കുറിച്ച് കമല്‍ നടത്തിയ വിവാദ പ്രസ്താവനയെയും വിദ്യ തുറന്നെതിര്‍ത്തു.
ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പടം വേണ്ടെന്ന് വച്ചതിന് ഒറ്റ വാക്കില്‍ പറയാവുന്ന കാരണമല്ല എനിക്കുളളത് വിദ്യാ ബാലന്‍ പറഞ്ഞു.
കമലാദാസിനെ കുറിച്ച് ഞാന്‍ അധികം വായിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. കമല്‍ സാര്‍ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാന്‍ വിളിച്ചപ്പോഴാണ് അതേക്കുറിച്ച് അന്വേഷിച്ചത്. അവരുമായി അടുപ്പമുളളവരോട് സംസാരിച്ചും അവരെ വായിച്ചും മനസിലാക്കാനായിരുന്നു എന്റെ ശ്രമം-വിദ്യ പറഞ്ഞു. കുറച്ചൊന്ന് മനസിലാക്കിയപ്പോഴേക്കും അവര്‍ എത്രത്തോളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് എനിക്ക് മനസിലായി. അത്രയും ശക്തയായ വ്യക്തിയെ അഭിനയിക്കണമെങ്കില്‍ എനിക്കും അതിനുളള തയ്യാറെടുപ്പുകള്‍ നടത്തണം. ഇവിടെ എന്റെയും കമല്‍ സാറിന്റെയും വീക്ഷണം രണ്ടായിപ്പോയി വിദ്യാ ബാലന്‍ പറഞ്ഞു.
ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചിലവഴിക്കാനാഗ്രഹിക്കുന്നയാളാണ് ഞാന്‍. അതുപോലെ ചെയ്യുന്ന പടത്തെക്കുറിച്ച് സംവിധായകന്റെ വീക്ഷണം നന്നായി മനസിലാക്കാനും ശ്രമിക്കാറുണ്ട്. പക്ഷെ ഇതൊന്നും ഞാനുദ്ദേശിച്ച രീതിയില്‍ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ എനിക്ക് സാധിക്കില്ല.
അതിനുളള സഹകരണം എനിക്ക് ലഭിച്ചില്ല വിദ്യാ ബാലന്‍ വ്യക്തമാക്കി. സംഭവം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ച് വലിയ പബ്ലിസിറ്റി നേടണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും വിദ്യ പറഞ്ഞു.ചിത്രവുമായി ബന്ധപ്പെട്ട് കമല്‍ ഉന്നയിച്ച സെക്ഷ്വാലിറ്റി പ്രതികരണത്തെ കുറിച്ച് വിദ്യ അതിരൂക്ഷമായാണ് പ്രതികരിച്ചത്.
ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ് വിദ്യ പറഞ്ഞു. ഇനി മലയാളത്തില്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വിദ്യാ ബാലന്‍, ആമിയില്‍ മഞ്ജുവിന് ഭാഷ പ്രശ്‌നമാകില്ലെന്നും പറഞ്ഞു. മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്‌നമല്ലാത്തത് അവരെ സംബന്ധിച്ച് ഗുണമാണ്. എഴുത്തുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ഭാഷയില്‍ വൈദഗ്ധ്യം ആവശ്യമാണെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.