പാലക്കാട് ദമ്പതികള്‍ വിറ്റ പെണ്‍കുഞ്ഞിനെ കണ്ടെത്തി

കോയമ്പത്തൂര്‍: പാലക്കാട് പെണ്‍കുഞ്ഞയതിന്റെ പേരില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. കുനിശ്ശേരിക്കാരിയായ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നു വിറ്റ പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. കുഞ്ഞിനെ വാങ്ങിയെന്നു കരുതുന്ന ജനാര്‍ദ്ദനന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേര്‍ന്നാണ് ഇടപാട് നടത്തിയതെന്നായിരുന്നു വിവരം. ക്രിസ്മസ് ദിനത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഭര്‍തൃമാതാവിന്റെ കൂടി നിര്‍ദ്ദേശപ്രകാരം വിറ്റതായാണ് കേസ്. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നാണ് സൂചന. ഈ ദമ്പതികള്‍ക്കു നാലു കുട്ടികള്‍ കൂടിയുണ്ട്. മറ്റു നാലുമക്കളെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് കുഞ്ഞിന്റെ മാതാവ് പറഞ്ഞത്. സംഭവം വാര്‍ത്തയായതോടെ ഒളിവില്‍പോയ രാജിനെ പൊള്ളാച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആലത്തൂര്‍ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവത്തിനു പോയ യുവതി കുഞ്ഞിനെ ഒപ്പം കൂട്ടാതെ മടങ്ങിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ അംഗനവാടി അധികൃതരെ വിവരം അറിയിച്ചതോടെ സാമൂഹികനീതി വകുപ്പാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം കേരളം, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, കേന്ദ്ര വനിതാ ശിശു മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. കുഞ്ഞിനെ വിറ്റെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇതു സംബന്ധിച്ചു നല്‍കിയ നോട്ടീസില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7