തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടിയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രതികരിക്കേണ്ടന്നായിരുന്നു പാര്‍ട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് ശേഷം സിപിഐഎം നിലപാട് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നാണ് വിവരം. ഇതേ തുടര്‍ന്ന് വിഷയം കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നേരിട്ടു സിപിഐഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.
മകനുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. വിഷയം പാര്‍ട്ടിയുടെ അവെയ്ലബ്ള്‍ പൊളിറ്റ് ബ്യൂറോ ഇന്നലെ ചര്‍ച്ച ചെയ്തെന്നാണു സൂചന.
ഔഡി-എ8 (കമ്പനി വൃത്തങ്ങള്‍ പരാതിയില്‍ പറയുന്ന നമ്പര്‍: എച്ച് 71957) കാര്‍ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം മേയ് 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകള്‍: 769490, 769502, 000020). ചെക്കുകള്‍ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികള്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയില്‍ പറയുന്നില്ല. എന്നാല്‍, യുഎഇയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ബിനോയ് തട്ടിച്ചതായി ആരോപിക്കുന്നുമുണ്ട്.