പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി… എ.ഡി.ജി.പി ബി. സന്ധ്യയെ തെറിപ്പിച്ചു, പകരക്കാരനായി എസ് അനില്‍കാന്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായി കെ പത്മകുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍നിന്ന് മാറ്റി. സന്ധ്യയ്ക്ക് പകരക്കാരനായി വരുന്നത് നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്തനാണ്. അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജ് മേധാവിയായാണ് സന്ധ്യയെ ചവിട്ടി താഴ്ത്തിയിരിക്കുന്നത്.

കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെ പൊലീസ് ആസ്ഥാനത്തേക്കും പൊലീസ് ആസ്ഥാനത്തെ അസ്മിനിസ്‌ട്രേറ്റീവ് ഐ.ജിയായിരുന്ന വിജയ് സാക്കറെ തല്‍സ്ഥാനത്തേക്കും മാറ്റി. സോളാര്‍ കേസില്‍ ആരോപണവിധേയനായ കെ. പത്മകുമാറാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.

ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടര്‍ന്ന ബി. സന്ധ്യയെ മാറ്റിയതാണു പുതിയ അഴിച്ചുപണിയില്‍ ഏറെ ശ്രദ്ധേയമായ മാറ്റം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവാദമായിരുന്ന ജിഷ വധക്കേസ്, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. എന്നാലിപ്പോള്‍ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജിന്റെ തലപ്പത്താണു നിയമിച്ചിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം.

മാര്‍ക്കറ്റ് ഫെഡ് എംഡിയായ എഡിജിപി കെ. പത്മകുമാറാണ് പുതിയ ട്രന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരിലൊരാളാണ് കെ.പത്മകുമാര്‍. അദ്ദേഹം തിരികെ മികച്ച പദവിയിലെത്തുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍നിന്നു മാറ്റിയ ഡിജിപി എ. ഹേമചന്ദ്രനെ തിരികെയെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. മൂന്ന് എഡിജിപിമാരെ പരസ്പരം മാറ്റിയുള്ള ഇപ്പോളത്തെ അഴിച്ചുപണിക്ക് പിന്നാലെ കൂടുതല്‍ മാറ്റങ്ങള്‍ പൊലീസ് തലപ്പത്ത് ഉടനുണ്ടായേക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7