ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ ഭര്‍ത്താവിന് ഭാര്യയെ തല്ലാം… ഗാര്‍ഹിക പീഡനത്തെ പിന്തുണച്ച് കേരളത്തിലെ 69 ശതമാനം വീട്ടമ്മമാര്‍!

ന്യൂഡല്‍ഹി: കേരളത്തിലെ 69 ശതമാനം വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുന്നതായി സര്‍വ്വേ. നാലാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 58 ശതമാനമാണ് ഗാര്‍ഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷന്‍മാര്‍. മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് ആണ് സര്‍വേ നടത്തിയത്. 15നും 49നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലായിരുന്നു സര്‍വേ.

10 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച മൂന്നാമത് ദേശീയ കുടുംബആരോഗ്യ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാര്‍ഹികപീഡനത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി. ഒരുതരത്തിലല്ലെങ്കില്‍ വേറൊരു തരത്തിലുള്ള ഗാര്‍ഹികപീഡനത്തെ മലയാളി വീട്ടമ്മമാര്‍ അനുകൂലിക്കുന്നെന്നാണ് സര്‍വേയില്‍ പറയുന്നത്. പീഡനം ശരിവെക്കുന്നവരുടെ ദേശീയ ശരാശരി 52 ശതമാനമാണ്.

പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ 66 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്‍മാരും ഗാര്‍ഹികപീഡനത്തിന് അനുകൂലമായിരുന്നു. ദേശീയ ശരാശരിയില്‍ കുറവുണ്ടായി. കഴിഞ്ഞ സര്‍വേയില്‍ 54 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷന്‍മാരുമായിരുന്നു ഭാര്യമാരെ മര്‍ദിക്കുന്നതിനെ അനുകൂലിച്ചത്.

ഗാര്‍ഹികപീഡനത്തെ അനുകൂലിക്കുന്നവര്‍ കൂടുതലും ഗ്രാമീണമേഖലയിലാണ്.ഗാര്‍ഹികപീഡനം അംഗീകരിക്കുന്ന സംസ്ഥാനങ്ങളില്‍ തെലങ്കാന (84 ശതമാനം), മണിപ്പുര്‍ (84 ശതമാനം), ആന്ധ്രാപ്രദേശ് (82 ശതമാനം) എന്നിവയാണ് മുന്നില്‍. സിക്കിം (എട്ടുശതമാനം), ഹിമാചല്‍പ്രദേശ് (19 ശതമാനം), ഗോവ (21 ശതമാനം) എന്നിവിടങ്ങളിലെ സ്ത്രീകള്‍ ഇതിനെ എതിര്‍ക്കുന്നു.

ഭാര്യയെ മര്‍ദിക്കാന്‍ തക്ക ‘അംഗീകൃത’ കാരണങ്ങളായി മലയാളി സ്ത്രീകള്‍ കരുതുന്നവ:

കുടുംബത്തെയും കുട്ടികളെയും നോക്കാതിരിക്കുക, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, നന്നായി പാചകം ചെയ്യാതിരിക്കുക, ലൈംഗികബന്ധത്തിന് വിസമ്മതിക്കുക

സ്ത്രീകള്‍ പറയുന്നു:

30%- അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ല

40% -ഭര്‍ത്താവിന് സംശയം തോന്നിയാല്‍ ഭാര്യമാരെ മര്‍ദിക്കാം

30% -ഭര്‍ത്താവുമായി തര്‍ക്കിക്കുന്ന ഭാര്യയെ മര്‍ദിക്കാം

സഞ്ചാര സ്വാതന്ത്ര്യം: കേരളം പിന്നില്‍

തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ 12 ശതമാനമേയുള്ളൂവെന്ന് സര്‍വേ. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട് (54 ശതമാനം), തെലങ്കാന (44 ശതമാനം), കര്‍ണാടക (31 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്. കേരളത്തില്‍ സ്വന്തമായി പണം വിനിയോഗിക്കുന്ന സ്ത്രീകള്‍ 40 ശതമാനമുണ്ടെന്നും കുടുംബ ആരോഗ്യ സര്‍വേയില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7