തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ഏഴ് മണിക്ക് ശ്രീജിത്തിനും അമ്മയും മുഖ്യമന്ത്രിയെ കാണും. അനുജന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് ഇതിനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്.
അതേസമയം ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് അറിയിച്ചതായി എംപി മാരായ കെ.സി വേണുഗോപാലും ശശി തരൂരും പറഞ്ഞിരുന്നു. സിബിഐ അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഉറപ്പു ലഭിച്ചതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിനു പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മകളും താരങ്ങളും രാഷ്ട്രീയക്കാരും രംഗത്തെത്തിയിരുന്നു.
നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കിയിരുന്നു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.