നടിയ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കുടുക്കാന്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. നടിയ ആക്രമിച്ചതിന്‍രെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്. കേസില്‍ വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്റെ നീക്കം.
അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ അപേക്ഷ നല്‍കി ദിലീപ് പകര്‍പ്പ് എടുത്തിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം ദിലീപ് ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി പള്‍സര്‍ സുനി സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ, കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍, ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിക്കുന്നത്. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി പൊലീസിനോടു വിശദീകരണം തേടി. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular