ദീപക് മിശ്ര എന്നൊരു പുമാനാണ് നമ്മുടെ ചീപ് ജസ്റ്റിസ്… ഇന്ന് റൊക്കം, നാളെ കടം: രൂക്ഷവിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഴിമതിയുടെ സകല സീമകളും ലംഘിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഇന്ന് റൊക്കം, നാളെ കടം. സഹന്യായാധിപരെയും പ്രമുഖ അഭിഭാഷകരെയും വെറുപ്പിച്ചു. സീനിയര്‍ ജഡ്ജിമാരെ കൂട്ടിതൊടീക്കാതെ പ്രമാദമായ കേസുകള്‍ വഴിതിരിച്ചു വിട്ടു. നീറിപ്പുകഞ്ഞ അതൃപ്തി ഇപ്പോള്‍ പൊട്ടിത്തെറിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

2018 ജനുവരി 12 ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ദിവസമായി. ചീഫ് ജസ്റ്റിസിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സീനിയറായ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി; ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദീപക് മിശ്ര എന്നൊരു പുമാനാണ് നമ്മുടെ ചീപ് ജസ്റ്റിസ്. ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് വിമത ജഡ്ജിമാര്‍.

ദീപക് മിശ്രയുടെ അമ്മാവന്‍ രംഗനാഥ മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്ന 1990-91കാലത്താണ് സുപ്രീം കോടതിയില്‍ അഴിമതി ഉദ്ഘാടനം ചെയ്യുപ്പെട്ടത്. അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു രാജ്യസഭാംഗവും പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ചെയര്‍മാനുമായി.

കെഎന്‍ സിങ്, എഎം അഹമദി, എംഎം പുഞ്ചി, എഎസ് ആനന്ദ്, ബിഎന്‍ കൃപാല്‍, വൈകെ സബര്‍വാള്‍, കെജി ബാലകൃഷ്ണന്‍, അല്‍തമസ് കബീര്‍ എന്നിവരുടെ കാലത്ത് അഴിമതി തഴച്ചു വളര്‍ന്നു.ദീപക് മിശ്ര സകല സീമകളും ലംഘിച്ചു. ഇന്ന് റൊക്കം, നാളെ കടം. സഹന്യായാധിപരെയും പ്രമുഖ അഭിഭാഷകരെയും വെറുപ്പിച്ചു. സീനിയര്‍ ജഡ്ജിമാരെ കൂട്ടിതൊടീക്കാതെ പ്രമാദമായ കേസുകള്‍ വഴിതിരിച്ചു വിട്ടു. നീറിപ്പുകഞ്ഞ അതൃപ്തി ഇപ്പോള്‍ പൊട്ടിത്തെറിച്ചു.

പ്രശ്നം ഇവിടെയും തീരില്ല. ദീപക് മിശ്ര മാറി രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയാലും സംവിധാനം മാറാന്‍ പോകുന്നില്ല.വിമത ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. കോടതിയില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ജനങ്ങള്‍ക്ക് കുറേശ്ശെ മനസ്സിലായി തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7