കസബ വിവാദത്തിന് മറുപടിയുമായി ആ സീനില്‍ അഭിനയിച്ച നടി ജ്യോതി…നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും ചൂടേറിയ ചര്‍ച്ച് വിഷയമായിരുന്നു കസബ സിനിമയും സ്ത്രീവിരുദ്ധതയും. സിനിമയിലെ ഒരു സീനിനെചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസും അറസ്റ്റും എന്നുവേണ്ട സകലതും കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ ആ രംഗത്ത് അഭിനയിച്ച നടി സംഭവങ്ങള്‍ അറിയാന്‍ കുറച്ച് വൈകി. വൈകിയാണെങ്കിലും വിവാദമായ ആ സിനിമയില്‍ വിവാദ രംഗത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡല്‍ മറുപട്യുമായി എത്തിയിരിക്കുകയാണ്. ‘ആ രംഗത്തില്‍ എന്താണ് തെറ്റ്’ എന്ന് ജ്യോതിയ്ക്ക് ചോദ്യക്കാനുള്ളത്.
ചിത്രത്തെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞാണ് ജ്യോതി അറിഞ്ഞത്. മലയാളം അറിയാത്തതിനാല്‍ മലയാളം സിനിമകള്‍ കാണാറില്ലെങ്കിലും ജ്യോതി കേരളത്തിലെ സംഭവവികാസങ്ങളൊക്കെ അറിയുന്നുണ്ട്.
നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കണം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുഃസ്വഭാവങ്ങള്‍ രാജന്‍ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല.
ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യണം. സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല, ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ് എന്നതാണ് കാര്യം. ഈ സിനിമയില്‍ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തരം എത്ര റോളുകള്‍ ചെയ്തിരിക്കുന്നു. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനമുന്നയിക്കുന്നത് എന്നുകൂടി അവര്‍ ഓര്‍ക്കണം. ജ്യോതി തന്റെ അഭിപ്രായം വ്യക്തമാക്കുന്നു.
ആ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജ്യോതി പങ്കുവയ്ക്കുന്നു. ‘ആ രംഗത്തില്‍ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. സംവിധായകന്‍ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതല്ലാതെ ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഇഷ്ടമില്ലെങ്കില്‍ ഞാന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കില്ല. മമ്മൂട്ടിയും ഇത്ര വലിയ നടനാണ് എന്നൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് മനസ്സിലായത്.
മലയാളം അറിയില്ലെങ്കിലും ടെന്‍ഷന്‍ ഇല്ലായിരുന്നു. മമ്മൂക്ക വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ഒരു ദിവസത്തിന്റെ പകുതി മാത്രമെ ഷൂട്ടിങ്ങിനായി ചിലവഴിച്ചുള്ളൂ. ആദ്യം സംവിധായകനായ നിതിന്‍ രഞ്ജി പണിക്കര്‍ മമ്മൂക്കയുടെ കഥാപാത്രമായി എന്നെ അഭിനയിച്ചു കാണിച്ചു തന്നു’.
സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സിനിമയില്‍ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുകയും മനസ്സിലാക്കുകയുമാണ് വേണ്ടതെന്നു ജ്യോതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7