തീയറ്ററിലെ ദേശീയഗാനം: ഉത്തരവ് മരവിപ്പിക്കണമെന്നഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്രത്തിന്റെ അഭ്യര്‍ഥന. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജൂണ്‍ അഞ്ചിനകം റിപ്പോര്‍ട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തുകയും ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്യും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

2016 നവംബറിലാണ് തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവിറക്കിയത്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഈ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ട കോടതി തന്നെ 11 മാസം കഴിഞ്ഞപ്പോള്‍ നിലപാടു മാറ്റി. ദേശീയഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവുമാണു പ്രതിഫലിക്കുന്നതെന്നാണു 2016 നവംബറില്‍ പറഞ്ഞത്.എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ 23നു കോടതി സ്വന്തം ഉത്തരവിനെത്തന്നെ നിശിതമായി വിമര്‍ശിച്ചു. ‘ഇന്ത്യക്കാര്‍ ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതില്ല. ദേശഭക്തി ഇങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നാണെങ്കില്‍, നാളെ മുതല്‍ സിനിമാ തീയറ്ററില്‍ ടീ ഷര്‍ട്ടും ഷോട്സുമിടരുതെന്നും ഇട്ടാല്‍ അതു ദേശീയ ഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഈ സദാചാര പൊലീസിങ് എവിടെച്ചെന്നു നില്‍ക്കും?’ കോടതി ചോദിച്ചു. ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കാമെന്നും അന്നു സൂചിപ്പിച്ചു. എന്നാല്‍, ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാന്‍ സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നുമാണു സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ മറുപടി നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7