തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് (17) ഓര്‍മ്മയായിട്ട് ഇന്ന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 2017 ജനുവരി ആറിന് വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കൂട്ടുകാര്‍ കണ്ടത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളെജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍, കോളെജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി. മകന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ജിഷ്ണുവിന്റെ കുടുംബത്തിന്റെ പോരാട്ടം തുടരുകയാണ്.
ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളെജ് മാനേജ്മെന്റുകള്‍ക്കെതിരെ സംസ്ഥാനത്തു വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളജ് അടിച്ചു തകര്‍ക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളെജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ സമരം ശക്തമാക്കി. തുടര്‍ന്നു കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.
ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചര്‍ച്ച ചെയ്തു. അമ്മയുടെ സമരങ്ങള്‍ക്കൊടുവില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിന്‍മാറി. പിന്നീട് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നു കേസ് സിബിഐ ഏറ്റെടുത്തു.