സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയുയരും; ഇത്തവണ കലോത്സവം അരങ്ങേറുന്നത് ഏറെ മാറ്റങ്ങളോടെ

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

രാവിലെ പത്ത് മണിയോടെ, ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക. തുടര്‍ന്ന് കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍. തൃശൂരിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തോട്ടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയില്‍ പെരുമ്പറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്‌കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് കടക്കും. നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങള്‍ നീളുന്ന കലോത്സവത്തിന് തുടക്കമാകും.

ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. നാളെ രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്വര്‍ണകപ്പിന് ഇന്നലെ വേദിയില്‍ സ്വീകരണം നല്‍കി.

2008നുശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ അനുസരിച്ചാണ് കലോത്സവം. എല്ലാ വര്‍ഷവും മാന്വല്‍ പരിഷ്‌കരിച്ച് കലോത്സവം കുറ്റമറ്റതാക്കും. ഏഴു നാളുകള്‍ അഞ്ചിലേക്കു ചുരുക്കി. മൂന്നു മത്സര ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരികഘോഷയാത്രയ്ക്കു പകരം ദൃശ്യവിസ്മയം ഒരുക്കും. എല്ലാ മത്സരാര്‍ഥികള്‍ക്കും ട്രോഫി നല്‍കും. മത്സരത്തില്‍ 80% മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡുണ്ടാകും. നേരത്തേ 70% ലഭിക്കുന്നവര്‍ക്കായിരുന്നു എ ഗ്രേഡ്. ഗ്രേസ് മാര്‍ക്ക് സാധാരണ പോലെ നല്‍കും.

രണ്ടു വര്‍ഷം അടുപ്പിച്ചു വിധികര്‍ത്താക്കളായിരുന്നുവരെ ഇത്തവണ ഒഴിവാക്കി. എല്ലാ വേദികളും ബന്ധപ്പെടുത്തി രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. നഗരത്തിന്റെ ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭക്ഷണത്തിനുള്ള ഒരുക്കവും പൂര്‍ത്തിയായി.

Similar Articles

Comments

Advertismentspot_img

Most Popular